ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്നും വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപം.
അടിയന്തിരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ അനുവദിക്കണം. വായ്പാ പരിധി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നുമാണ് കേരളത്തിന്റെ ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
കടമെടുപ്പ് പരിധിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണം. അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം. ഇതിന് കേന്ദ്ര ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണം. ഇല്ലെങ്കില്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.