ദില്ലി: ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന നടപടികളുമായി ഗൂഗിൾ. ഇതിന്റെ ഭാഗമായി 2200 ലധികം വ്യാജലോൺ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോൺ ആപ്പുകളെ നേരിടാനുള്ള സർക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
വ്യാജ ലോൺ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലെയുള്ള റഗുലേറ്ററി ബോഡികളുമായി കേന്ദ്രസർക്കാർ സഹകരിക്കുന്നുണ്ട്. 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഏകദേശം 3500 മുതൽ 4000 ലോൺ ആപ്പുകൾ വരെ ഗൂഗിൾ റിവ്യൂ ചെയ്തിട്ടുണ്ട്. ഇതിൽ ഏകദേശം 2500 ആപ്പുകൾ നീക്കം ചെയ്തു. 2022 സെപ്റ്റംബർ മുതൽ 2023 ഓഗസ്റ്റ് വരെയാണ് ഗൂഗിൾ പരിശോധന നടത്തുന്നത്. തുടർന്ന് 2200 ലോൺ ആപ്പുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ ലോൺ ആപ്പുകൾക്ക് കടുത്ത നിയന്ത്രണമാണ് പ്ലേ സ്റ്റോറിലുള്ളത്.
ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച് പ്രവർത്തിക്കുന്നവർക്കാണ് ലോൺ ആപ്പുകൾ പ്രസിദ്ധികരിക്കാനാവുക. ഇതിനൊപ്പം കർശന വ്യവസ്ഥകളും പാലിക്കേണ്ടി വരും. സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെയാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ സജീവ ഇടപെടൽ നടത്തി തുടങ്ങിയത്. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ എസ്എംഎസ് , റേഡിയോ ബ്രോഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്പയിൻ എന്നിവയിലൂടെയാണ് ജനങ്ങൾക്ക് സൈബർ കുറ്റകൃതൃങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നല്കുന്നത്.