കൊച്ചി: സിനിമാ മേഖലയിൽ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ താനില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് ലിജോ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എന്നാൽ സംഘടനയെ സ്വാഗതം ചെയ്യുന്നു. സംഘടനയുടെ ഭാഗമാകുമ്പോൾ അറിയിക്കുമെന്നും ലിജോ വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും അറിയിച്ചു. ലിജോ ജോസ് പല്ലിശ്ശേരിക്ക് പിന്നാലെയാണ്
ബിനീഷ് ചന്ദ്രയുടെയും പ്രതികരണം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം അറിയിച്ചെന്നും ബിനീഷ് ചന്ദ്ര അറിയിച്ചു. ഇതോടെ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ രൂപീകരണം പ്രതിസന്ധിയിലാണെന്നാണ് സൂചന.