കൊച്ചി: കഴിഞ്ഞ നാലു മാസമായി കരാർ പണം നൽകാത്തതിനാൽ മുടങ്ങി കിടന്ന ആർസി ബുക്കിന്റെയും ലൈസൻസിന്റെയും പ്രിന്റിങ് പുനഃരാരംഭിച്ചു. വരും ദിവസങ്ങളിൽ ആർസി ബുക്കുകളും ലൈസൻസുകളും വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലം പ്രിന്റിങ് കമ്പനിക്ക് എട്ടുകോടിയിലേറെ രൂപ കുടിശ്ശിക വന്നിരുന്നു. ഇതോടെയാണ് പ്രിന്റിങ്ങും അച്ചടിയും നിർത്തിയത്. കഴിഞ്ഞ ഡിസംബർ മുതലാണ് വിതരണം മുടങ്ങിയത്. അച്ചടിക്കൂലി നല്‍കാന്‍ ഒരുമാസം മുമ്പ് തീരുമാനിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം വീണ്ടും കുടിശ്ശിക തുക കൈമാറാന്‍ വൈകി.
കൊച്ചിയിൽ ലൈസൻസും ആർസി ബുക്കും അച്ചടിച്ചിരുന്ന കരാറുകാരന് ഒൻപതുകോടിയാണ് നിലവിലെ കുടിശ്ശിക. ഇതിനുപുറമേ തപാൽ വകുപ്പിനും ആറു കോടി കുടിശ്ശിക വന്നതോടെ അച്ചടിച്ച ലൈസൻസുകൾ അയക്കാൻ തപാൽ വകുപ്പും തയ്യാറായിരുന്നില്ല. പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ കുടിശ്ശിക തുകയായ 8.68 കോടി രൂപ തിങ്കളാഴ്ച കരാര്‍ കമ്പനിക്ക് നല്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ദിവസം 2000 കാര്‍ഡുകള്‍ വീതം അച്ചടിച്ച് തുടങ്ങിയിരുന്നു.