Kerala
ദേശീയോദ്യാനത്തിന് സമീപത്തെ വ്യോമസേനാ ബേസ് ക്യാംപിൽ പുള്ളിപ്പുലിയുടെ ആക്രമണം, രണ്ട് പേർക്ക് പരിക്ക്
കേപ് ടൌൺ: വ്യോമസേനാ ബേസ് ക്യാംപിൽ എത്തിയ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വ്യോമസേന ഉദ്യോഗസ്ഥനടക്കം രണ്ട് പേർക്ക് പരിക്ക്. ദക്ഷിണാഫ്രിക്കയിലെ പ്രസിദ്ധമായ ക്രൂഗർ ദേശീയോദ്യാനത്തിന് സമീപത്തെ വ്യോമസേനാ ബേസിലാണ് സംഭവം. ബേസിന് പുറത്ത് ഓടാനിറങ്ങിയ ഉദ്യോഗസ്ഥനും ബേസിൽ ജോലി ചെയ്തിരുന്ന ഒരാൾക്കുമാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ക്രൂഗർ ദേശീയോദ്യാന അധികൃതർ പുള്ളിപ്പുലിയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്.
ആഫ്രിക്കയിലെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നായ ക്രൂഗറിൽ ഇത്തരം സംഭവങ്ങൾ പതിവുള്ളതാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ ഗുരുതരമായി പരിക്കേൽക്കുന്ന സംഭവങ്ങൾ അപൂർവ്വമാണെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. മേഖലയിലെ വലിയ രീതിയിലെ ജീവി വൈവിധ്യം മൂലം നിരവധി വിനോദ സഞ്ചാരികളാണ് ക്രൂഗർ ദേശീയോദ്യാനത്തിലെത്താറുള്ളത്. വലിയ രീതിയിലുള്ള വേലികൾ തീർത്താണ് ദേശീയോദ്യാനത്തിന്റെ അതിർത്തി മേഖലകൾ സംരക്ഷിക്കാറുള്ളത്.
എന്നാൽ പുള്ളിപ്പുലികൾക്ക് ഇത്തരം വേലിക്കെട്ടുകളൊന്നും വെല്ലുവിളിയല്ലെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. ദേശീദ്യോനത്തിന്റെ പരിസരങ്ങളിലെ ജനവാസ മേഖലകളിൽ 150ലേറെ പുള്ളിപ്പുലികളുള്ളതായാണ് കണക്കുകൾ വിശദമാക്കുന്നത്. നേരത്തെ 2017ൽ ദേശീയോദ്യാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മൂന്ന് സിംഹങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ മേഖലയിലെ ലിമ്പോപോ, മ്പുമാലാങ്കാ പ്രവിശ്യകളിലായി 19485 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചു കിടക്കുന്നതാണ് ക്രൂഗർ ദേശീയോദ്യാനം.