ലെബനനിൽ നടത്തുന്ന കരയാക്രമണത്തിൽ ആദ്യമായി തിരിച്ചടി നേരിട്ട് ഇസ്രയേൽ. എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിർത്തി കടന്നതിന് ശേഷമുള്ള ആദ്യത്തെ തിരിച്ചടിയാണിത്. ഇസ്രായേൽ സൈനിക ക്യാപ്റ്റൻ എയ്തൻ ഇറ്റ്സാക്ക് ഇന്ന് നടന്ന ആക്രമണത്തിൽ ആദ്യം കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെ ഏഴ് സൈനികർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ ലെബനനിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലണ് സൈനികർ കൊല്ലപ്പെട്ടത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തെക്കൻ ലെബനനിൽ അധിനിവേശ സൈന്യവുമായി ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു. വടക്കുകിഴക്കൻ അതിർത്തി ഗ്രാമമായ അഡെയ്‌സെയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇസ്രയേൽ സൈനികർ പ്രത്യാക്രമണം കാരണം പിൻവാങ്ങാൻ നിർബന്ധിതരായെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു.
ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്റല്ലയെ വധിച്ചതിന് ശേഷം ഇരുവിഭാഗങ്ങളും കടുത്ത ആക്രമണമാണ് നടന്നുന്നത്. സംഘടന ആസ്ഥാനത്ത് ഉന്നതതല സമിതി യോഗം ചേരുന്നതിനിടയിലാണ് നസ്റല്ലയും പത്തോളം മുതിർന്ന കമാൻഡർ മാരും കൊല്ലപ്പെടുന്നത്. ഇതിനു ശേഷമാണ് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ഹിസ്ബുള്ള തലവൻ്റെ വധത്തിന് മറുപടിയായി പ്രധാന പിന്തുണക്കാരായ ഇറാൻ ഇസ്രയേലിനെ ആക്രമിച്ചിരുന്നു. ടെല്‍ അവീവിലും ജെറുസലേമിലും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ രാത്രി ഇറാൻ നടത്തിയത്. ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു.