തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തോൽവിയ്ക്ക് കാരണം പൂരം കലക്കിയത് മാത്രമല്ല കാരണമെന്ന് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ. മണ്ഡലത്തിലെ സിപിഎം, സിപിഐ വോട്ടുകളും ബിജെപിയിലേക്ക് ചോർന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സുനിൽകുമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇടതുപക്ഷം എപ്പോഴും ലീഡ് നിലനിര്‍ത്തിയിരുന്ന 27 ഓളം മേഖലകളിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടു. എൽഡിഎഫിൻ്റെ തോൽവി രാഷ്ട്രീയ പരാജയമാണ്. പലയിടത്തും സിപിഎം പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ട് ബിജെപി വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടുകളുണ്ടെന്ന് തൃശൂരിൽ നിന്നുള്ള മറ്റൊരു നേതാവ് പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സിപിഐയുടെ ആവശ്യപ്രകാരമാണ് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ പറഞ്ഞു. ഇപി ജയരാജൻ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രസ്താവനയും വിവാദമായതിന് പിന്നാലെ സിപിഎമ്മിനെ പാർട്ടി നിലപാട് അറിയിച്ചിരുന്നു.