Politics

സംഘപരിവാര്‍ ബിസിനസ് ബന്ധങ്ങള്‍ വിനയായി; നാണംകെട്ട് ഇപിയുടെ പടിയിറക്കം;

എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നുള്ള ഇപി ജയരാജൻ്റെ പടിയിറക്കത്തിന് തുടക്കം കുറിച്ചത് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ ഹോട്ടൽ ഗ്രൂപ്പുമായുള്ള ബിസിനസ് ബന്ധമാണ്. ഇപിയുടെ മകനും ഭാര്യയും ഡയറക്ടർമാരായുള്ള കണ്ണൂരിലെ വൈദേകം റിസോർട്ട്സിൻ്റെ നടത്തിപ്പ് രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പ് കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. ഇത്തരമൊരു ബിസിനസ് ബന്ധത്തിന് പാർട്ടി അംഗീകാരം നൽകിയിരുന്നോ എന്ന കാര്യം പുറത്തു വന്നിരുന്നില്ല. സംഘപരിവാർ ഫാസിസത്തെ നേരിടുന്ന ഏക പാർട്ടി സിപിഎമ്മാണെന്ന് അവകാശപ്പെടുമ്പോഴാണ്‌ ഇപിയുടെ കുടുംബം ബിജെപി നേതാവിൻ്റെ കുടുംബവുമായി വ്യവസായ ബന്ധത്തിൽ ഏർപ്പെട്ടത്. പാർട്ടി സമ്മേളന കാലത്ത് ഈ ബിസിനസ് ബന്ധത്തെക്കുറിച്ച് വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന ഘട്ടത്തിലാണ് കൺവീനർ സ്ഥാനത്തു നിന്ന് ഒഴിയുന്നത്.

വിവാദമായ കണ്ണൂരിലെ വൈദേകം ആയുർവേദ റിസോർട്ടിന്റെ നടത്തിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടെന്ന ആരോപണം ഉണ്ടായ ഘട്ടത്തിലാണ് ബംഗലൂരു ആസ്ഥാനമായ നിരാമയ റിസോർട്ട്സുമായി ഇപി കുടുംബം ബന്ധപ്പെട്ടുന്നത്. ബിജെപി നേതാവിൻ്റെ ഹോട്ടൽ ഗ്രൂപ്പാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗത്തിൻ്റെ ഭാര്യയും മകനും ഉൾപ്പെട്ട ഡയറക്ടർ ബോർഡ് തീരുമാനം എടുത്തത്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്സുമായി 2023 ഏപ്രിൽ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ഏപ്രിൽ 16 മുതൽ റിസോർട്ടിന്റെ നടത്തിപ്പ് അവകാശം പൂർണമായും നിരാമയ റീട്രീറ്റ്സിന് കൈമാറുകയും ചെയ്തു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിപിഎം-ബിജെപി ബാന്ധവമുണ്ടെന്ന് ആരോപണമുന്നയിച്ച ആദ്യഘട്ടത്തിൽ ഇപി ജയരാജൻ വ്യവസായ ബന്ധമില്ലെന്ന് നിഷേധിച്ചിരുന്നു. വൈദേകം റിസോർട്ട്സിൻ്റെ ഡയറക്ടർമാരും ഇപിയുടെ ഭാര്യ പി കെ ഇന്ദിര മകൻ ജിതിൻ രാജ്, നിരാമയ സിഇഒ അലൻ മച്ചാഡോ എന്നിവരുൾപ്പടെയുള്ള ചിത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടതോടെ സിപിഎമ്മും ജയരാജനും പ്രതിസന്ധിയിലായി. ഒടുവിൽ ജയരാജൻ തൻ്റെ കുടുംബത്തിന് രാജീവ് ചന്ദ്രശേഖറിൻ്റ കുടുംബവുമായി ബിസിനസ് ബന്ധമുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു.

ബിജെപി നേതാവുമായുള്ള ബിസിനസ് ബന്ധത്തെക്കുറിച്ചുള്ളആരോപണത്തിൻ്റെ ചൂട് കെട്ടടങ്ങുന്നതിന് മുമ്പാണ് ബിജെപിയുടെ സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ ആക്കുളത്തുള്ള ഇപിയുടെ മകൻ്റെ ഫ്ളാറ്റിൽ വെച്ച് കണ്ടുവെന്ന വാർത്ത ജയരാജൻ തന്നെ സ്ഥിരികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു ഇടത് കൺവീനറുടെ കുമ്പസാരം. ബിജെപിയിൽ ചേരാൻ നേതാക്കളുമായി ഇപി ചർച്ച നടത്തിയെന്ന ആരോപണം സാങ്കേതികമായി പാർട്ടിയും മുഖ്യമന്ത്രി പിണറായിയും തള്ളിക്കളഞ്ഞെങ്കിലും ഈ ഏറ്റു പറച്ചിലുണ്ടാക്കിയ അപമാനവും തിരിച്ചടിയും ഭീകരവുമായിരുന്നു.

ബിജെപിയുമായി സഖ്യത്തിലേർപ്പെടാൻ സിപിഎം നേതാക്കൾക്ക് മടിയില്ലാ എന്ന സന്ദേശം വോട്ടർമാർക്കിടയിൽ അവമതിപ്പുണ്ടാക്കി എന്നാണ് പിന്നീട് പാർട്ടി വിലയിരുത്തിയത്. ജയരാജന് ജാഗ്രതക്കുറവുണ്ടായി എന്നൊക്കെയുള്ള പതിവ് ന്യായീകരണങ്ങൾ നിരത്തിയെങ്കിലും അത് ഏറ്റുപിടിക്കാൻ പാർട്ടി അണികൾ തയ്യാറായില്ല. തെറ്റ് തിരുത്തൽ പ്രക്രിയയുടെ പേരിലാണ് ജയരാജനെ പുറത്താക്കിയതെങ്കിലും സംഘപരിവാർ ബന്ധം പാർട്ടിക്കുണ്ടാക്കിയ ഡാമേജ് ഉടനെ ഒന്നും നീങ്ങുമെന്ന് കരുതുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top