Kerala

‘ആദ്യം അവര്‍ രാജിവെക്കട്ടെ’, മുകേഷിനെ കൈവിടാതെ ഇപി; കാത്തിരിക്കൂ എന്ന് മാധ്യമങ്ങളോട്

Posted on

കണ്ണൂര്‍: സിനിമാ രംഗത്തെ ലൈംഗിക ചൂഷണ പരാതികളില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ഒരാളോടും പ്രത്യേക മമതയോ, ഒരാള്‍ക്കും പ്രത്യേക സംരക്ഷണമോ നല്‍കില്ല. ഇടതു സര്‍ക്കാര്‍ തെറ്റായ ഒരു നടപടിയുമെടുക്കില്ല. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ശക്തമായ കേസെടുത്തത് എന്നും ഇപി ജയരാജന്‍ പറഞ്ഞു.

 

പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തില്‍ മുകേഷ് രാജിവെക്കുമോ, സിപിഎം രാജി ആവശ്യപ്പെടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആദ്യം സമാനമായ കേസുണ്ടായിരുന്ന യുഡിഎഫിലെ എംഎല്‍എമാര്‍ രാജിവെക്കട്ടെ എന്നായിരുന്നു ജയരാജന്റെ മറുപടി. ആദ്യത്തെ കേസുകളില്‍പ്പെട്ട എംഎല്‍എമാര്‍ രാജിവെച്ചാല്‍, മൂന്നാമത്തെ ആളുടെ മുന്നിലും അതല്ലേ വഴിയുള്ളൂ എന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു.

സ്ത്രീ സംരക്ഷണത്തിനും സിനിമാ വ്യവസായത്തെ സംരക്ഷിക്കാനും ഒരു സര്‍ക്കാരും നടപടി സ്വീകരിച്ചിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഫലപ്രദമായി നടപടികള്‍ സ്വീകരിച്ച് നാടിനാകെ മാതൃതയാകുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. സിനിമാലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണം, സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തണം, ഈ രംഗത്തു നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ തെറ്റായ പ്രവണതകളും ശീലങ്ങളും അവസാനിപ്പിച്ച് സംശുദ്ധമാക്കണം. അതിന് ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികളില്‍ മുഖം നോക്കാതെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച ഒരു നടപടിയെക്കുറിച്ചും ആര്‍ക്കും ആക്ഷേപം പറയാനില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 7 ഐപിഎസ് ഉദ്യോഗസ്ഥര്‍-അതില്‍ നാല് വനിതാ ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ച് ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരു തെറ്റു ചെയ്താലും അത് തെറ്റു തന്നെയാണ്. നീതിപൂര്‍വകമായ തെറ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തെറ്റുകള്‍ക്ക് അതിനനുസരിച്ചുള്ള ശിക്ഷയും നടപടിയും ഉണ്ടാകും. ഇപി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version