India
അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുമ്പോള്‍ മോദി എഴുന്നേറ്റു നിന്നില്ല; അനാദരവെന്ന് പ്രതിപക്ഷം
ഡല്‍ഹി: എല്‍ കെ അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്ന സമ്മാനിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഭാരതരത്ന സമ്മാനിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്ത പ്രധാനമന്ത്രി, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അനാദരിച്ചുവെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. മോദിയുടെയും ബിജെപിയുടെയും മാനസികാവസ്ഥ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമാണെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതായി കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രി പ്രോട്ടോക്കോള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിന്റെ രാഷ്ട്രപതി നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി ഇരിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു. ആദിവാസി വനിതയായ രാഷ്ട്രപതിയെ പ്രധാനമന്ത്രി വീണ്ടും ബോധപൂര്‍വം അപമാനിച്ചു. ഇതാദ്യമായല്ല ഇത്തരം നടപടി. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോള്‍ അവരെ ക്ഷണിച്ചില്ല. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ പരിപാടിയില്‍ പോലും രാഷ്ട്രപതിയെ കണ്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രപതിയോടുള്ള കടുത്ത അനാദരവാണ് നടപടിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി തീര്‍ച്ചയായും നില്‍ക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ജെഡി നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചു. രാഷ്ട്രപതി അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുമ്പോള്‍ മോദി അരികില്‍ ഇരിക്കുകയായിരുന്നു, രാഷ്ട്രപതിയുടെ മുന്നില്‍ ബഹുമാനാര്‍ഥം പോലും മോദി എഴുന്നേറ്റു നിന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച അദ്വാനിയുടെ വസതിയിലെത്തിയാണ് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചത്.