Kerala

കുവൈത്തില്‍ തീപിടിത്തമുണ്ടായ എന്‍ബിടിസി കമ്പനി ഉടമ തിരുവല്ല സ്വദേശി കെ.ജി.എബ്രഹാം; രാഷ്ട്രിയ വിവാദങ്ങളിലെ കേന്ദ്രബിന്ദു; ആടുജീവിതം നിർമാതാവും

Posted on

കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേർ തീപിടുത്തത്തിൽ മരിച്ച തൊഴിലാളി ക്യാമ്പ്, പ്രമുഖ വ്യവസായ ഗ്രൂപ്പായ നാസര്‍ എം-അല്‍ബദ്ദ ആന്റ് പാര്‍ട്ണര്‍ ജനറല്‍ ട്രേഡിംഗ് കമ്പനി (എന്‍ബിടിസി) യുടേത്. തിരുവല്ല നിരണം സ്വദേശിയായ കെ.ജി.എബ്രഹാമാണ് മാനേജിംഗ് ഡയറക്ടര്‍. കുവൈത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ആണ് എന്‍ബിടിസി. ഈ കമ്പനി നടത്തുന്ന തൊഴിലാളി ക്യാമ്പിലുള്ളവരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരില്‍ 11 പേര്‍ മലയാളികളാണ്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. ജീവനക്കാർ താമസിക്കുന്ന മംഗഫിലെ ഫ്ളാറ്റ് കെട്ടിടത്തിലാണ് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യസഹമന്ത്രി എസ്.ജയശങ്കറും ദുരന്തത്തില്‍ അനുശോചിച്ചു.

കെട്ടിടത്തിൽ വിവിധ ഫ്ലാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. അപകട സമയത്ത് 160 പേരാണ് ഫ്ലാറ്റുകളില്‍ ഉണ്ടായിരുന്നത്. താഴത്തെ സെക്യൂരിറ്റിയുടെ മുറിയില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച നിലയിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.

തീപിടുത്തമുണ്ടായ കമ്പനിയുടെ മാനേജിങ് ഡയറക്ടർ മലയാളിയാണ് എന്നല്ലാതെ കെ.ജി.എബ്രഹാമിനെക്കുറിച്ച് മലയാളത്തിലെ മുൻനിര മാധ്യമങ്ങളൊന്നും എവിടെയും പരാമർശിച്ചിട്ടില്ല. കേരളത്തിൽ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത് അടക്കം രാഷ്ട്രിയ വിവാദങ്ങളുടെ കേന്ദ്രബിന്ദു ആയ വ്യവസായ പ്രമുഖനാണ് എബ്രഹാം. വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.യു.കുരുവിളയുടെ മക്കൾ ഉൾപ്പെട്ട രാജകുമാരി ഭൂമിയിടപാട് പുറത്തുകൊണ്ട് വന്നത് ഇദ്ദേഹമാണ്. ഇടുക്കി രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി ഏഴുകോടി രൂപയ്ക്ക് എബ്രഹാമിന് വില്‍ക്കാന്‍ കുരുവിളയുടെ മക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും തിരിച്ചറിഞ്ഞതോടെ എബ്രഹാം ഇടപാടിൽ നിന്ന് പിന്മാറി. മുടക്കിയ ഏഴുകോടി തിരികെ കിട്ടിയില്ല. ഇക്കാര്യം എബ്രഹാം ഉന്നയിച്ചതോടെ അന്വേഷണത്തിന് ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ സർക്കാർ നിയോഗിച്ചു. ഇതിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നത്.

പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ ഫണ്ട് അർഹരി​ലേക്ക് എത്തിയില്ലെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകില്ല എന്നുമുള്ള കെ.ജി.എബ്രഹാമിന്റെ പ്രസ്താവന വിവാദമായിരുന്നു. അടച്ചിടുന്ന വീടുകൾക്ക് നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് എബ്രഹാം പ്രസ്താവന നടത്തിയത്. സർക്കാരിന് അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നും എബ്രഹാം അന്ന് തുറന്നടിച്ചു. കൊച്ചി മരടില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ ക്രൗൺ പ്ലാസ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ബ്ലസിയുടെ സംവിധാനത്തിൽ 16 വർഷമെടുത്ത് പൂർത്തിയാക്കിയ ആടുജീവിതം സിനിമയുടെ നിർമാതാവെന്ന നിലയിലും കെ.ജി.എബ്രഹാം മലയാളികൾക്ക് സുപരിചിതനാണ്.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ അനധികൃതമായി തിങ്ങി പാര്‍ക്കുന്ന കെട്ടിടങ്ങളുടെ ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും കുവൈറ്റ് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version