Kerala

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

കുവൈത്തിലെ എൻബിടിസി തൊഴിലാളി ക്യാപിലെ തീപിടിത്തതിൽ മരിച്ച 11 മലയാളികളില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു. 49 പേരിൽ 21ഉം ഇന്ത്യാക്കാരാണ്. ഇതില്‍ 11 പേര്‍ മലയാളികളാണെന്നാണ് പുറത്തുവന്ന വിവരം. സ്റ്റെഫിൻ എബ്രഹാം സാബു, സാജൻ ജോർജ്, ഷമീർ ലൂക്കോസ്, മുരളീധരൻ, ആകാശ് ശശിധരൻ നായർ, സജു വർഗീസ് എന്നീ ഏഴു മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റ 46 പേരാണ് ചികിത്സിയിലുള്ളത്.

രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് കുവൈത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് കിട്ടിയെന്നും അദ്ദേഹം അറിയിച്ചു.

മൃതദേഹങ്ങൾ വേഗത്തിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തിയ ശേഷം സാഹചര്യം അവലോകനം ചെയ്യുമെന്നും ജയശങ്കർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക.

ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. മംഗഫ് ബ്ലോക്ക് നാലിൽ ആണ് തീപിടിച്ചത്. വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. 195 പേർ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തീപിടിത്തമുണ്ടായ സമയത്ത് ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. താഴത്തെ നിലയിൽ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top