കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചു. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് ദുരന്തം. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പാണ് ഇത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്ക് ഗുരുതര പരുക്കേറ്റു. അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
കെട്ടിടത്തിൽ വിവിധ ഫ്ലാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്.ഫ്ലാറ്റില്‍ മലയാളികൾ അടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. പുലർച്ച ജീവനക്കാര്‍ ഉറക്കത്തിലായപ്പോഴാണ് തീപിടിത്തം നടന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തികൂട്ടി. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.