ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിന്റെ പേരിൽ യുഡിഎഫിൽ പോര് കടുക്കുന്നു. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലാണ് പോര്. സീറ്റ് ഏറ്റെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോടാവശ്യപ്പെട്ട് കോൺഗ്രസ് പ്രമേയം പാസാക്കിയതിനു പിന്നാലെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്ത കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവിലായിരുന്നു സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നത്. ഡിസിസി ജനറൽ സെക്രട്ടറി കെ ഗോപകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.
നാലു പതിറ്റാണ്ടിനിടെ കുട്ടനാട്ടിൽനിന്ന് ജയിച്ച രണ്ട് യുഡിഎഫ് സ്ഥാനാർഥികളും എംഎൽഎ ആയിരിക്കെതന്നെ എൽഡിഎഫിലേക്ക് ചേക്കേറി. 1987-നുശേഷം കുട്ടനാട്ടിൽ ജയിച്ചത് ഒരു യുഡിഎഫ് സ്ഥാനാർഥി മാത്രമാണ്. ജയിച്ച് ഒരു വർഷമാകും മുൻപുതന്നെ അദ്ദേഹം എൽഡിഎഫിലേക്ക് കൂറുമാറി. അതേസമയം, പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികൾ കുട്ടനാട്ടിൽനിന്ന് മെച്ചപ്പെട്ട ലീഡ് നേടിയിട്ടുണ്ട്. സ്ഥിരതയുള്ള ഒരു യുഡിഎഫ് ജനപ്രതിനിധിയെ വാർത്തെടുക്കുന്നതിന് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ കോൺഗ്രസ് പാർട്ടി തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ വാദം.
‘കേരള കോൺഗ്രസ് പിറവിയെടുത്ത 1964-ന് ശേഷം നടന്നിട്ടുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കുട്ടനാട് സീറ്റിൽ മത്സരിച്ചിട്ടുള്ളത് കേരള കോൺഗ്രസ് പാർട്ടിയാണ്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് സ്ഥാനാർഥികളിൽ രമേശ് ചെന്നിത്തല മാത്രമാണ് വിജയിച്ചത്.
രണ്ട് തിരഞ്ഞെടുപ്പിലും ഇടതുപക്ഷ തരംഗം വീശിയിട്ടും ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളിൽ ഏറ്റവും ചെറിയ വോട്ടിന് പരാജയപ്പെട്ടത് കുട്ടനാട്ടിലെ കേരള കോൺഗ്രസ് സ്ഥാനാർഥിയാണ്. ഒരു കാരണവശാലും സീറ്റ് വിട്ടുകൊടുക്കി’ല്ലെന്ന് ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം പറഞ്ഞു.