Kerala
വഴങ്ങാതെ സജി മഞ്ഞക്കടമ്പില്‍; ഇനി ചര്‍ച്ച വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം
കോട്ടയം: കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച സജി മഞ്ഞകടമ്പിലിനെ അനുനയിപ്പിക്കാനുള്ള ശ്രമം നേതൃത്വം ഉപേക്ഷിച്ചു. യുഡിഎഫ് ജില്ല ചെയര്‍മന്‍ സ്ഥാനത്തുനിന്നടക്കം രാജിവെച്ച സജി നേതൃത്വത്തിന്റെ അനുനയ നീക്കത്തില്‍ വഴങ്ങിയിരുന്നില്ല. ഇതേതുടര്‍ന്നാണ് സജിയുമായി ഇനി ചര്‍ച്ച വേണ്ടെന്ന നിലപാട് നേതൃത്വം സ്വീകരിച്ചത്. മോന്‍സ് ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ താന്‍ സുരക്ഷിതനല്ലെന്ന് ആവര്‍ത്തിക്കുകയാണ് സജി. രാജി പിന്‍വലിപ്പിക്കാന്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതാക്കള്‍ ഇടപെട്ടെങ്കിലും വഴങ്ങിയില്ല.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് നേരിട്ട് ഇടപെട്ടെങ്കിലും സജി നിലപാട് മാറ്റിയില്ല. തുടര്‍ന്നാണ് യുഡിഎഫ് ജില്ലാ ചെയര്‍മാനായി മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്തിയെ തെരഞ്ഞെടുത്തത്. ഇനി അനുനയ ശ്രമം വേണ്ടെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും സജി അവമതിപ്പുണ്ടാക്കിയതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. എത്ര അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും വികാര പ്രകടനം നടത്തേണ്ട സമയം ഇതായിരുന്നില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമര്‍ശനം.
ഇനി സജിയുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ ചര്‍ച്ച ഉണ്ടാകൂ. തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇല്ലെന്ന് ഇതിനോടകം സജി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ സജിയെ ചേര്‍ത്തു നിര്‍ത്താനാണ് ഇടത് ക്യാമ്പിന്റെ ശ്രമം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പൊട്ടിത്തെറികള്‍ അനുകൂലമാക്കാനാണ് നീക്കം. ഇതിനിടെ സജിയെ പാര്‍ട്ടിയിലെത്തിക്കാന്‍ മാണി വിഭാഗം ചരടു വലി തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇതുവരെ മനസ്സു തുറക്കാന്‍ സജി തയ്യാറായിട്ടില്ല.