Kerala
ആത്മഹത്യയുടെ വക്കില്‍, തിരിച്ചെടുക്കൂ അല്ലെങ്കില്‍ പിരിച്ചുവിടൂ; മേയറുമായി തര്‍ക്കിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡില്‍ തര്‍ക്കിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ കെഎസ്ആര്‍ടിസി ഡ്രൈവർ യദു പ്രതിഷേധവുമായി രംഗത്ത്. ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന് ഇക്കാര്യം ആവശ്യപ്പെട്ട് യദു പരാതി നല്കി.
ഒന്നുകില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പിരിച്ചുവിടണമെന്നാണ് യദു ആവശ്യപ്പെടുന്നത്. താനും മകനും ആത്മഹത്യയുടെ വക്കിലാണെന്നും മന്ത്രിക്ക് നല്കിയ പരാതിയില്‍ യദു പറയുന്നു. പരാതി നല്കിയ ശേഷം ഇതേ ആവശ്യം ഉയര്‍ത്തിയുള്ള പ്ലകാര്‍ഡുമായി യദു പ്രതിഷേധവും നടത്തി.
ഏപ്രിലില്‍ തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് വെച്ചായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായത്. അപകടകരമായ രീതിയില്‍ കാറിനെ മറികടന്നെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ചായിരുന്നു തര്‍ക്കം. മേയര്‍ പരാതി നല്‍കിയതോടെയാണ് യദുവിനെ കെഎസ്ആര്‍ടിസി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.