ആലപ്പുഴ: എട്ട് വർഷത്തിനിടെ കെഎസ്ആർടിസി ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകള്‍. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതല്‍ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതില്‍ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതും കാലാവധി കഴിഞ്ഞതാണ്.
ഇവ കെഎസ്ആർടിസി പൊളിച്ചു വില്‍ക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റല്‍ സ്റ്റീല്‍ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓണ്‍ലൈനായാണു വ്യാപാരം.
ആക്രിവിലയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റത് 2004-ല്‍ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതല്‍ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്‍ 1.77, കോടി, 2017-18 ല്‍ 8.07 കോടി, 2018-19 ല്‍ 5.09 കോടി, 2019-20 ല്‍ 1.36 കോടി, 2020-21 ല്‍ 75.25 ലക്ഷം, 2021-22 ല്‍ 1.85 കോടി, 2023-24 ല്‍ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളില്‍ ബസ് വിറ്റതിലൂടെ ലഭിച്ച തുക.