Kerala
ഹരിതകർമസേനാംഗത്തെ ഇടിച്ചിട്ട് കെഎസ്ആർടിസി; ബസിൻ്റെ നമ്പർ കണ്ടുപിടിച്ച് കൊണ്ടുവരാൻ പരാതികാരിയോട് പൊലീസ്

പറവൂർ: വയോധികയെ ഇടിച്ചിട്ട ശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോയി. പറവൂർ നഗരസഭയിലെ ഹരിതകർമസേനാംഗം പെരുമ്പടന്ന മാട്ടുമ്മൽ ഷീബയെ ഇടിച്ചിട്ട ശേഷമാണ് ബസ് നിർത്താതെ പോയത്.
സംഭവത്തിൽ പറവൂർ പൊലീസിൽ ഷീബ പരാതി നൽകിയെങ്കിലും ബസിൻ്റെ നമ്പർ കണ്ടുപിടിച്ചുകൊണ്ടുവരാനാണ് പൊലീസ് ഷീബയോട് ആവശ്യപ്പെട്ടത്. ജനുവരി 31-ന് രാവിലെ 10.30-ന് ചേന്ദമംഗലം കവലയിൽ വെച്ചാണ് ഷീബയെ ബസ് ഇടിച്ചിട്ടിട്ട് നിർത്താതെ പോയത്.
ഹരിതകർമസേനയുടെ ഉന്തുവണ്ടിയുമായി പോവുകയായിരുന്നു ഷീബ. ബസ് ഉന്തുവണ്ടിയിൽ തട്ടിയതോടെ റോഡിൽ തെറിച്ചു വീണ ഷീബയെ നാട്ടുകാർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഷീബയുടെ ഇടതു കൈ എല്ലിന് പൊട്ടലുണ്ട്. ഷീബയുടെ തോളിനും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി രേഖാമൂലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.