കൊച്ചി: കെഎസ്ആർടിസി പുതിയ 41 അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു. കോയമ്പത്തൂർ, തെങ്കാശി, തേനി, കമ്പം, ഉദുമൽപേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. വോൾവോ ലോഫ്ളോർ ബസുകൾ ഉൾപ്പെടെയാണ് പുതുതായി സർവീസ് നടത്തുക. തമിഴ്‌നാടുമായുള്ള 2019-ലെ അന്തർസംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവീസുകൾ.
തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്ക് എത്ര സർവീസ് ഉണ്ടോ അത്രയുംതന്നെ കേരളത്തിന് തിരികെയും ഓടിക്കാം എന്നതാണ് 2019-ലെ അന്തഃസംസ്ഥാന കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതനുസരിച്ചാണ് പുതുതായി 41 സർവീസുകൾ കൂടി കെഎസ്ആർടിസി ആരംഭിക്കുന്നത്. തൃശ്ശൂരിൽനിന്നു കോയമ്പത്തൂരിലേക്കാണ് പുതിയ എ.സി. ലോഫ്ളോർ സർവീസ്. എറണാകുളം ഡിപ്പോയ്ക്ക് രണ്ട് എ.സി. ലോഫ്ളോർ ബസുകൾ അന്തർ സംസ്ഥാന സർവീസിനായി അധികം അനുവദിച്ചു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസുകൾക്ക് കേടുപാടു സംഭവിച്ചാൽ പകരം സർവീസ് നടത്താനാണിത്. രണ്ട് സൂപ്പർഫാസ്റ്റ് ബസുകൾ തൃശ്ശൂർ, ഗുരുവായൂർ ഡിപ്പോകളിൽനിന്നു കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലേക്ക് സർവീസ് നടത്തും.
വിവിധ ഡിപ്പോകളിൽനിന്ന് 38 ഫാസ്റ്റ് പാസഞ്ചറുകളും അന്തർ സംസ്ഥാന സർവീസ് നടത്തും. ചെങ്ങന്നൂരിൽനിന്നു തെങ്കാശിക്ക് (ശെങ്കോട്ട വഴി) രണ്ട് സർവീസുകൾ പുതുതായി വരും. എറണാകുളത്തുനിന്നു കോയമ്പത്തൂരിലേക്ക് രണ്ടും തേനിയിലേക്കും കമ്പത്തേക്കും മൂന്നുവീതവും ഉദുമൽപേട്ടയിലേക്ക് ഒന്നും സർവീസുകൾ വരും.