Kottayam
അപകടത്തിൽ പരിക്കേറ്റ് നടുറോഡിൽ ചോര വാർന്നു കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ
കോട്ടയം: അപകടത്തിൽ പരിക്കേറ്റ് നടുറോഡിൽ ചോര വാർന്നു കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും അവ നിർത്താതെ പോയതോടെയാണ് ബസിൽ ആശുപത്രിയിലെത്തിച്ചത്. അപകടം കണ്ടെങ്കിലും പല വാഹനങ്ങളും വേഗം കൂട്ടി കടന്നുപോകുകയായിരുന്നു.
ഇന്നലെ രാവിലെ 9.15ന് കോട്ടയം – കുമളി റോഡിൽ ചോറ്റി നിർമലാരം കവലയുടെ സമീപമായിരുന്നു സംഭവം. വണ്ടിപ്പെരിയാർ സ്വദേശി കൂടത്തിൽ അഭിജിത്ത് (24) ഓടിച്ച ബൈക്ക് ഓട്ടോയിലും മറ്റൊരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പാലായിൽ നിന്നു മുണ്ടക്കയത്തേക്കു വരികയായിരുന്ന ബസാണ് രക്ഷയ്ക്കെത്തിയത്.
കണ്ടക്ടർ കൂരോപ്പട സ്വദേശി ആലുങ്കൽപറമ്പിൽ ജയിംസ് കുര്യനും ഡ്രൈവർ ചെറുവള്ളി സ്വദേശി ഉതിരകുളത്ത് കെ.ബി.രാജേഷും ഇറങ്ങി മറ്റു യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ റോഡിൽ നിന്നു വശത്തേക്കു മാറ്റിക്കിടത്തി. ആശുപത്രിയിൽ എത്തിക്കാനായി വാഹനങ്ങൾക്കു കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല.
ഒടുവിൽ ഇരുവരും ചേർന്ന് യുവാവിനെ ബസിൽ കയറ്റി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ട്രിപ് അവസാനിക്കുന്ന മുണ്ടക്കയം ബസ് സ്റ്റാൻഡിനു മുൻപിൽ യാത്രക്കാരെ ഇറക്കി വീണ്ടും വേഗത്തിൽ പുറപ്പെട്ടു. ടൗണിൽ നിന്നു 3 കിലോമീറ്റർ അകലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുൻപിൽ ബസ് വന്നതോടെ ആശുപത്രി അധികൃതർ എത്തി അഭിജിത്തിന്റെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുത്തു.