പത്തനംതിട്ട: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഗവിയുടെ കവാടം സഞ്ചാരികൾക്ക് മുന്നിൽ തുറന്നിരിക്കുകയാണ്. എന്നാൽ ഗവിയിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ ചെലവേറും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും.
നിലവില് 1300 രൂപയാണ് ഗവി യാത്രയ്ക്കായി ഒരാളിൽ നിന്ന് വാങ്ങുന്നത്. ഇത്തവണ അത് 1800 ആയി വർധിക്കും. കൊച്ചുപമ്പയിൽ 2 കിലോമീറ്റർ ട്രെക്കിങ് പുതുതായി ഉൾപ്പെടുത്തിയതാണു നിരക്ക് കൂട്ടാൻ കാരണമായി പറയുന്നത്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി) തീരുമാനം മേയ് ഒന്നു മുതൽ നടപ്പാകും.
കെഎസ്ആർടിസിയുടെ ജനപ്രിയമായ ട്രിപ്പുകളിൽ ഒന്നാണ് ഗവി യാത്ര. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകള്‍. പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെയാണ് നിരക്ക്. അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പരുന്തുംപാറ കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തും.