കോഴിക്കോട്: കാരശേരിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് നിര്‍ദേശം നല്‍കി. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
കോഴിക്കോട് കാരശേരിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച വീടുകള്‍ക്ക് മതിയായ രേഖകളുണ്ടായിട്ടും കെഎസ്ഇബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്നാണ് പരാതി. കൂമ്പാറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള വീടുകള്‍ക്കാണ് കണക്ഷന്‍ ലഭിക്കാത്തത്.
റേഷന്‍ കാര്‍ഡില്‍ പട്ടിക വര്‍ഗ കുടുംബം എന്ന് രേഖപ്പെടുത്തിയിട്ടും കണക്ഷന്‍ നിഷേധിച്ചുവെന്നും ബിപിഎല്‍ വിഭാഗമാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും അധികൃതര്‍ നിരസിച്ചതായും പരാതിയുണ്ട്.