തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും അതിലൂടെ കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ കരുതൽ വേണം എന്നാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന.
സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിൽ വളരെ അധികം വർദ്ധനയുണ്ടായിട്ടുണ്ട്. ഇത് കെഎസ്ഇബിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പീക്ക് ടൈമിലെ വൈദ്യുതി ഉപയോഗത്തിലാണ് വൻ വർധന ഉണ്ടായിരിക്കുന്നത്. യൂണിറ്റിന് 8 രൂപക്ക് മുകളിൽ നൽകിയാണ് കേന്ദ്ര പവർ എക്സ്ചേഞ്ചിൽ നിന്ന് അധിക വൈദ്യുതി നിലവിൽ സംസ്ഥാനം വാങ്ങുന്നത്. ഇതിന് പ്രതിദിനം 15 കോടി മുതൽ 20 കോടി രൂപ വരെയാണ് കെഎസ്ഇബിക്ക് ചെലവ് വരുന്നത്.
കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് പുനഃസ്ഥാപിച്ചെങ്കിലും കമ്പനികൾ സഹകരിക്കാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിൽ വൈദ്യുതി ഉപയോഗം കൂടുമെന്നാണ് കെഎസ്ഇബി കരുതുന്നത്. അങ്ങനെയെങ്കിൽ ഭാരിച്ച ബാധ്യതയാകും ബോർഡിനുണ്ടാവുക. ഈ സാഹചര്യം നിലനിൽക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കുന്നതിൻ്റെ ബാധ്യത സർച്ചാർജ്ജ് ഇനത്തിൽ ഭാവിയിൽ ജനങ്ങളുടെ തലയിൽ വരാനാണ് സാധ്യത.