Kerala

പിണറായി വിവരം കെട്ടവന്‍, ആണത്തമുണ്ടോ? അവന്‍ വെട്ടിക്കൊന്നത് എത്രപേരെ? ബോംബ് വിവാദത്തില്‍ സുധാകരന്‍

Posted on

കണ്ണൂര്‍: ഡിസിസി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെ അവന്‍ എന്ന് വിശേഷിപ്പിച്ചാണ് സുധാകരന്‍ പ്രതികരിച്ചിരിക്കുന്നത്. ”അവന്‍ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരം കെട്ടവന്‍. ആണത്തമുണ്ടോ?” എന്നാണ് സുധാകരന്‍ പ്രതികരിച്ചത്.

തലശേരി എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവും സുധാകരന്‍ നടത്തി. ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്നായിരുന്നു പ്രതികരണം. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നായിരുന്നു സുധാകരന്‍ ആദ്യം പ്രതികരിച്ചത്. ഇത് വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ വീണ്ടുമെത്തി. സിപിഎം ആക്രമണത്തില്‍ ചെറുപ്പക്കാരന്‍ കൊല്ലപ്പെടാതിരുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു വിശദീകരണം.

ചൊവ്വാഴ്ചയാണു തലശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് എരഞ്ഞോളി സ്വദേശി വേലായുധന്‍ (86) മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്‍. പറമ്പില്‍നിന്നു കിട്ടിയ വസ്തു തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version