ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ എൻ ഡി എ യിലും ബിജെപിയിലും തണുപ്പൻ പ്രതികരണം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ജില്ലയിലെത്തിയ സുരേന്ദ്രന് പ്രതീക്ഷിച്ച സ്വീകരണവും ലഭിച്ചില്ല. ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ കടുത്ത എതിർപ്പും നിലനിൽക്കുകയാണ്.അതേ സമയം എൻ ഡി എ യിൽ ജെ ആർ പിക്ക് അർഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന് സി കെ ജാനുവും വിമർശിച്ചു.
അടിമുടി ഭിന്നതയിലും രൂക്ഷമായ ഗ്രൂപ്പ് പോരിലും ബിജെപി ജില്ലാ ഘടകം മുങ്ങിനിൽക്കുമ്പോഴാണ് കെ സുരേന്ദ്രന്റെ സ്ഥാനർത്ഥിയായുള്ള വരവ്. കെ പി മധുവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതും ബത്തേരി തെരെഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതി പ്രശാന്ത് മലവയലിനെ തൽസ്ഥാനത്ത് നിയോഗിച്ചതുമെല്ലാം ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു. അനുനയ ശ്രമങ്ങൾ ഇതിനിടെ നടന്നെങ്കിലും വിജയിച്ചിട്ടില്ല. വൻ പ്രകടനവും മറ്റും കെ സുരേന്ദ്രനായി ഒരുക്കിയെങ്കിലും ആദ്യ സ്വീകരണം പാളി.ഇതിന് പിന്നിൽ ജില്ലയിലെ മുതിർന്ന നേതാക്കളുടെ നിസ്സഹകരണമെന്നാണ് നേതാക്കൾ തന്നെ പറയുന്നത്. കേന്ദ്ര നേതൃത്വം നിർബന്ധിച്ച് മത്സരത്തുനിറക്കിയതിന്റെ എതിർപ്പ് കെ സുരേന്ദ്രനിലും പ്രകടമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ സി കെ ജാനുവിന് നാൽപ്പത് ലക്ഷത്തോളം കോഴ നൽകിയെന്ന കേസിൽ സുരേന്ദ്രനും ജാനുവും പ്രതിയാണ്. എൻ ഡി എയുടെ ഭാഗമായി ഇപ്പോഴുമുള്ള ജെ ആർ പി മുൻ അധ്യക്ഷ സി കെ ജാനുവും പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. എൻ ഡി എ തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് പരാതി.