Politics
സുധാകരനെ തള്ളാനും കൊള്ളാനുമാകാതെ കോൺഗ്രസ്; പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്ന് ആവശ്യം
കെപിസിസി അധ്യക്ഷൻ കെ.സുധാകരനെക്കൊണ്ട് പൊറുതിമുട്ടി കോൺഗ്രസ് നേതൃത്വം. പൊതുധാരണയ്ക്കും രാഷ്ട്രീയ നിലപാടുകൾക്കും എതിരായി ഇടക്കിടെ പ്രസ്താവനകൾ ഇറക്കി പാർട്ടിയെ വെട്ടിലാക്കുന്ന സുധാകരൻ്റെ നടപടികൾക്കെതിരെ കടുത്ത അമർഷത്തിലാണ് കേന്ദ്ര- സംസ്ഥാന നേതാക്കൾ.
വയനാട് ദുരിതാശ്വാസത്തിനായി സഹായം നൽകുന്നതിനെചൊല്ലി സുധാകരൻ പറഞ്ഞ അഭിപ്രായം പാർട്ടിയെ പൊതുസമൂഹത്തിൽ അവഹേളിക്കന്നതിന് തുല്യമാണെന്നാണ് പൊതു വിലയിരുത്തൽ. ദുരന്തത്തിൻ്റെ നടുവിൽ നിൽക്കുന്ന ജനസമൂഹത്തിനൊപ്പം നിൽക്കുകയും സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യേണ്ടതിന് പകരം വിലകുറഞ്ഞ പ്രസ്താവന ഇറക്കിയ കെപിസിസി പ്രസിഡൻ്റിൻ്റെ നിലപാടിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്യമായി രംഗത്ത് വന്നു. രമേശ് ചെന്നിത്തലയും വി.എം.സുധീരനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിനോട് പരസ്യമായാണ് സുധാകരൻ വിയോജിപ്പ് പ്രകടിപ്പിച്ചത്.
“മാസശമ്പളം ഇടതുപക്ഷത്തിന്റെ കയ്യിൽ കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് പൈസ കൊടുക്കണമെന്നാരും പറഞ്ഞില്ല. കോൺഗ്രസ് പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റേതായ ഫോറം ഉണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും അതുവഴിയാണ് പണം സ്വരൂപിക്കേണ്ടത്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നൽകേണ്ടത്”- ഇങ്ങനെയായിരുന്നു സുധാകരൻ്റെ പ്രതികരണം. എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇതെന്നും മറുപടി നൽകി സാഹചര്യം വഷളാകാതെയാണ് വിഡി സതീശൻ നിലപാടെടുത്തത്. ദുരിതാശ്വാസ നിധിക്ക് സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ശരിയായ നടപടിയാണെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. എല്ലാവരും ഒരുമിച്ച് നില്ക്കേണ്ട സമയമാണ്. അതിനാലാണ് താൻ ഒരുമാസത്തെ ശമ്പളം കൊടുക്കാന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കോൺഗ്രസ് ഫണ്ട് കളക്റ്റ് ചെയ്യുമ്പോൾ അതിനും പണം നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ദുരന്തകാലത്ത് സർക്കാരിനൊപ്പം നിൽക്കണമെന്ന സാമാന്യ മര്യാദയുടെ ലംഘനമാണ് കെപിസിസി പ്രസിഡൻ്റിൻ്റെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. 100 വീടുകൾ പണിഞ്ഞു നൽകാമെന്ന് രാഹുൽ ഗാന്ധി സർക്കാരിന് നൽകിയ ഉറപ്പിൻ്റെ ശോഭ കെടുത്തുന്ന വിധത്തിലായിപ്പോയി സുധാകരൻ്റെ പ്രസ്താവന എന്നാണ് പ്രതിപക്ഷ സതീശൻ അടക്കമുള്ള നേതാക്കളുടെ നിലപാട്. പൊതുവികാരം തിരിച്ചറിയാതെ വെറും കമ്യൂണിസ്റ്റ് വിരോധം പറഞ്ഞാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സതീശനും ചെന്നിത്തലയും ഒരുപോലെ പറയുന്നത്.
സുധാകരൻ മുമ്പും പാർട്ടിയേയും മുന്നണിയേയും കുഴിയിൽ ചാടിക്കുന്ന പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ സഹായിച്ചിട്ടുണ്ട് എന്ന സുധാകരൻ്റെ വെളിപ്പെടുത്തൽ കോൺഗ്രസിനെ വല്ലാത്ത നാണക്കേടിൽ എത്തിച്ചിരുന്നു. ശാഖകളെ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ട് എന്നായിരുന്നു അന്നത്തെ തുറന്നുപറച്ചിൽ. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് എന്നുകൂടി മാധ്യമങ്ങളോട് രണ്ടുവർഷം മുമ്പ് പറഞ്ഞത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. ദേശീയതലത്തിൽ രാഹുൽ ഗാന്ധി ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാടുമ്പോഴാണ് കെപിസിസി അധ്യക്ഷൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ. സവിശേഷമായ സംസ്ഥാന രാഷ്ട്രീയത്തിന് അനുയോജ്യമായ നിലപാടുകൾ കൈകൊള്ളാനുള്ള സുധാകരന് വഴക്കമില്ലാത്തത് ഹൈക്കമാൻഡിനെയും കെപിസിസിയെയും കുഴപ്പിക്കുന്നുണ്ട്.
ജവഹർലാൽ നെഹ്റുവിനെപ്പോലും അപമാനിക്കുന്ന തരത്തിൽ സുധാകരൻ നടത്തിയ പ്രസ്താവനയുടെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആർഎസ്എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായി എന്നായിരുന്നു സുധാകരൻ്റെ മറ്റൊരു പ്രസ്താവന. കണ്ണൂരിൽ നടന്ന നവോത്ഥാന സദസിലായിരുന്നു ഈ വിവാദ പ്രസ്താവന നടത്തിയത്. തുടരെത്തുടരെ ആർഎസ്എസിനെ പുകഴ്ത്തും വിധത്തിലുള്ള സുധാകരൻ്റെ പ്രസ്താവനക്കെതിരെ മുസ്ലീംലീഗ് പരസ്യമായി രംഗത്ത് വന്നിരുന്നു.
വരാനിരിക്കുന്ന പഞ്ചായത്ത് -നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുമ്പായി കെപിസിസി നേതൃത്വത്തിൽ മാറ്റമുണ്ടാക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ സജീവമാകുകയാണ്. എന്നാൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിൻ്റെ ശോഭയിൽ നിൽക്കുന്ന പാർട്ടിയുടെ നേതാവിനെ ഒഴിവാക്കുന്നത് എങ്ങനെയെന്ന വല്ലാത്ത ആശക്കുഴപ്പത്തിലാണ് ഹൈക്കമാൻഡ്. എന്നാൽ ഈ സ്ഥിതിയിൽ മുന്നോട്ട് പോകുന്ന ഓരോ ദിവസവും പാർട്ടിയിൽ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകൾ കണ്ടില്ലെന്ന് വയ്ക്കാനുമാകില്ല.