തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ ഡോ. പി സരിന് എതിരെയുള്ള പരാതി ചോർന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പരാതി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ആക്ഷേപം ഉയരുന്നത്. പരാതി ചോർത്തിയതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ കെപിസിസി നേതൃത്വം അന്വേഷണം ആരംഭിച്ചു.
പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന പ്രവർത്തനം ഭാഗത്തുനിന്നും ഉണ്ടായാലും വെച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നാണ് ഹൈക്കമാന്റിന്റേയും കെപിസിസിയുടെയും നിലപാട്. ഈ സാഹചര്യത്തിലാണ് കെപിസിസി രഹസ്യാന്വേഷണം ആരംഭിച്ചത്.
ഡിജിറ്റൽ മീഡിയ വിഭാഗം അംഗങ്ങളായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ് നായർ, രജിത്ത് രവീന്ദ്രൻ, താര ടോജോ അലക്സ് ഉൾപ്പെടെ ആറ് അംഗങ്ങളായിരുന്നു സരിനിന് എതിരെ പരാതി നൽകിയത്. സരിൻ ചുമതല ഏറ്റെടുത്തതിന് ശേഷം ഡിജിറ്റൽ മീഡിയ വിഭാഗത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്നാണ് പരാതി. ഉപകരാർ നൽകിയതിൽ അടക്കം ക്രമക്കേടുകൾ ഉണ്ടായെന്നും ആരോപണമുണ്ട്. ഡോ. പി സരിനെതിരെ ഹൈക്കമാന്റിന് ഉൾപ്പെടെ ഒരു വിഭാഗം അംഗങ്ങൾ നൽകിയ സരിൻ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഡിജിറ്റൽ മീഡിയ വിഭാഗത്തെ ദുരുപയോഗം ചെയ്തു. സരിന്റെ നടപടികളെ ചോദ്യം ചെയ്തവരെ ചർച്ചാ ഗ്രൂപ്പുകളിൽ നിന്ന് ഒഴിവാക്കി എന്ന ആക്ഷേപവും പരാതിയിൽ ഉന്നയിച്ചു.