കോട്ടയം: വ്യക്തിഹത്യ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഇടതുപക്ഷമാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞത് ഓർമയില്ലേയെന്നും ഇത്തരം വ്യക്തിഹത്യ ആര് ചെയ്താലും തങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരെങ്കിലും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെങ്കിൽ പൊലീസ് നടപടി എടുക്കട്ടെ. സത്യം എന്ന് തെളിഞ്ഞാൽ പാർട്ടി നടപടി എടുക്കും. രാഹുൽ ഗാന്ധി ജനങ്ങളുടെ നേതാവാണ്. ജനങ്ങളുടെ ഹൃദയത്തിലാണ് രാഹുൽ ജീവിക്കുന്നത്. അദ്ദേഹത്തെ വിമർശിക്കുന്നതിന് വേറെ ചില ലക്ഷ്യങ്ങളുണ്ട്. മോദിയെ സന്തോഷപ്പെടുത്താൻ ആണിത്.
ഇവരുടെ കൂറ് അവിടെ ആണ്. പിണറായി സർക്കാരിൽ ബിജെപി സഖ്യം ഉള്ള മന്ത്രിമാർ ഉണ്ടായിട്ടും എന്തെങ്കിലും നടപടി എടുത്തോയെന്നും തിരുവഞ്ചൂർ ചോദിച്ചു. പിണറായി വിജയൻ ഏത് ചേരിയിൽ ആണ് എന്നതിന് ജനങ്ങൾക്ക് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.