Kerala
ജനാധിപത്യവും മതേതരത്വവും തിരിച്ചുപിടിക്കാനുള്ള തെരഞ്ഞെടുപ്പ് – ജോസ് കെ മാണി
കോട്ടയം; പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് രാജ്യത്തെ നഷ്ടപ്പെട്ട ജനാധിപത്യവും, മതേതരത്വവും തിരിച്ചുപിടിക്കാനുള്ളതാണെന്നും, ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിക്കുനിർത്താനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്ക് മതേതരത്വ ഇന്ത്യ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് തോമസ് ചാഴികാടൻ വിജയിക്കുന്നതോടൊപ്പം, കോൺഗ്രസും ബിജെപിയും ആയിട്ടുള്ള ഒത്തു കളിക്കുള്ള മറുപടിയും ആയിരിക്കണം ഈ തെരഞ്ഞെടുപ്പ്. വികസനത്തിലും പാർലമെന്റിലെ വ്യത്യസ്ത വിഷയങ്ങളിലെ ഇടപെടലിലും നൂറ് ശതമാനം തോമസ് ചാഴികാടൻ വിജയംവരിച്ചു. അദ്ദേഹത്തെ വിജയിപ്പിക്കുവാൻ പാർട്ടി പ്രവർത്തകർ അക്ഷീണപ്രവർത്തനം നടത്തണമെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റ്യൻ, ജോബ് മൈക്കിൾ എംഎൽഎ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സ്റ്റീഫൻ ജോർജ് , ജോസ് ടോം, സണ്ണി തെക്കേടം, വിജി എം തോമസ്, ബേബി ഉഴുത്തുവാൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.