കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കിണറ്റില്‍ വീണ ആനയെ രക്ഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വാക്കു പാലിച്ചില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാനയെ കരയ്ക്കു കയറ്റാൻ എത്തിച്ച മണ്ണുമാന്തി യന്ത്രവും മോട്ടോറും നാട്ടുകാർ പിടിച്ചുവച്ചിരിക്കുകയാണ്. നാട്ടുകാരുടെ കുടിവെള്ള സ്രോതസ് നഷ്ടമായി. ഇല്ലാതായത് നിരവധി കുടുംബങ്ങളുടെ കുടിനീരെന്നും സ്ഥമുടമ പറയുന്നു.
വിഷയത്തിൽ പ്രശ്നപരിഹാരത്തിന് രാവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. അതേസമയം, വനംവകുപ്പിന്റെ നേതൃത്വത്തിൽ കിണറിലെ വെള്ളം വറ്റിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. അതേസമയം, മേഖലയിൽ പഞ്ചായത്ത് ടാങ്കറിൽ കുടിവെള്ളം എത്തിച്ചിട്ടുണ്ട്.
ആനയെ മയക്കുവെടിവെക്കാത്തതിലും നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. കിണറ്റിൽ വീണ ആനയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ കിണറ്റില്‍ നിന്നും കയറ്റിയ ആന സ്ഥലത്ത് നിന്ന് ഓടുകയായിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടി സുരക്ഷിതമായി കാട്ടിലേയ്ക്ക് അയക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ ആന കാരണം ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയവർ വരെ ഇവിടെയുണ്ട്.