കൊച്ചി: കോതമംഗലത്ത് നിന്നു ഇന്ന് വൈകീട്ട് കാണാതായ 13കാരിയെ കണ്ടെത്തി. വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് കണ്ടെത്തിയത്. കുട്ടിയെ ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസ് അറിയിച്ചിരുന്നു. കുട്ടിയെ ആരും തട്ടിക്കൊണ്ടു പോയതല്ല എന്നാണ് നിഗമനം.
സ്കൂൾ വാർഷികം കാണാൻ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല. പിന്നാലെ ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മാതിരപ്പള്ളിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.