Kerala
കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും
കൊച്ചി: കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്. അതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
വീട്ടമ്മ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോതമംഗലം നഗരത്തിലുണ്ടായ യുഡിഎഫ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലാണ് മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും പൊലീസിന് മുന്നിൽ ഹാജരാകുന്നത്. ശനിയാഴ്ച എംഎൽഎ സ്ഥലത്തില്ലാത്ത സമയത്ത് ഉദ്യോഗസ്ഥർ വീട്ടിലെത്തി വാതിലിൽ നോട്ടീസ് പതിച്ചു. മൂന്ന് കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിനായി സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്.