Kerala
കുട്ടികളുടെ ഉന്നം തെറ്റി; മാവിലെറിഞ്ഞ കല്ല് പതിച്ചത് വന്ദേഭാരതിന്റെ ചില്ലിൽ
കൊല്ലം: കൊല്ലത്ത് വന്ദേഭാരത് ട്രെയിനിനു നേരെ നടന്ന കല്ലേറ് ഉന്നംതെറ്റി കൊണ്ടതെന്ന് കണ്ടെത്തൽ. ശനിയാഴ്ച്ച വൈകിട്ട് ഇരവിപുരം കാവൽപുരയ്ക്ക് സമീപത്തുവച്ച് വന്ദേഭാരതിന്റെ ചില്ലുകൾ തകർന്ന സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുട്ടികൾ മാവിലെറിഞ്ഞ കല്ല് ഉന്നംതെറ്റി ട്രെയിനിൽ പതിക്കുകായിരുന്നു എന്നാണ് ആർപിഎഫും, റെയിൽവേ പൊലീസും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കുട്ടികൾ റെയിൽവേ പാളത്തിന് സമീപത്തു നിന്ന മാവിലേക്ക് എറിഞ്ഞ കല്ലാണ് ഉന്നം തെറ്റി ട്രെയിനിന്റെ ചില്ല് തകർത്തതെന്നു കണ്ടെത്തുകയായിരുന്നു. ശനി വൈകിട്ട് 4.45ന് ഇരവിപുരം കാവൽപുരയ്ക്ക് സമീപത്താണ് സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കു പോയ വന്ദേഭാരത് ട്രെയിനിന്റെ ബി 6 ബോഗിയിലെ ചില്ലുകൾ കല്ലേറിൽ തകർന്നതായി കണ്ടെത്തുകയായിരുന്നു. കുട്ടികളെല്ലാം 10 വയസ്സിന് താഴെയുള്ളവരായതിനാലും അബദ്ധത്തിൽ കല്ല് കൊണ്ടതാണെന്നു മനസ്സിലായതിനാലും മറ്റു നടപടികൾ എടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.