കൊല്ലം: നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പിന്നീട് മറ്റ് രണ്ട് പ്രതികൾക്കൊപ്പം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
പൊലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർകോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.