കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി വിവാദം. ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഗാലാ ഡി കൊച്ചി സ്ഥാപിക്കുന്ന പാപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം. വെളി മൈതാനത്ത് ഗാലാ ഡി കൊച്ചി നിർമിക്കുന്ന 50 അടി ഉയരം വരുന്ന പപ്പാഞ്ഞിയെ നീക്കം ചെയ്യാനാണ് പൊലീസ് നിർദ്ദേശമുള്ളത്.
കൂടുതൽ പാപ്പാഞ്ഞികളെ കത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടുള്ളത്. പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റി ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കാൻ മാത്രമാണ് പൊലീസ് അനുവാദം നൽകിയിട്ടുള്ളത്.
കൊച്ചിയിൽ ഒന്നിലധികം പാപ്പാഞ്ഞികളെ കത്തിക്കാൻ അനുവദിക്കുന്നത് സുരക്ഷ ഒരുക്കുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിനും വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മട്ടാഞ്ചേരി എസിപി ഇത്തരമൊരു നിർദ്ദേശം നിലവിൽ നൽകിയിട്ടുള്ളത്.
എന്നാൽ, പാപ്പാഞ്ഞിയുടെ നിർമാണ പ്രവർത്തനവുമായി തങ്ങൾ മുൻപോട്ട് പോകുമെന്നാണ് ഗാല ഡി ഫോർട്ടുകൊച്ചി ഭാരവാഹികളുടെ നിലപാട്. കഴിഞ്ഞ തവണയും ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിയെ സ്ഥാപിച്ചത് വലിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.