കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബായി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. പ്രതികൂല സാഹചര്യം മെച്ചപ്പെടുന്നതുവരെ അടുത്തുള്ള ലഭ്യമായ എയര്‍പോര്‍ട്ടിലേക്ക് വിമാനങ്ങള്‍ തിരിച്ചുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം, ദുബായിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ സാധാരണ നിലയിൽതന്നെ പോകും. ചൊവ്വാഴ്ച 45 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
ഒമാനിലും യുഎഇയിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. മഴ കനത്തതോടെ ദുബായില്‍ നാളെയും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒമാനില്‍ ഇതിനോടകം വലിയ നാശം വിതച്ച മഴ നാളെ പുലര്‍ച്ചെയും രാവിലെയും വീണ്ടും കനക്കും എന്നാണ് മുന്നറിയിപ്പ്. ഒമാനില്‍ മഴയില്‍ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിര്‍ദേശം. സ്കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.