Kerala
നെടുമ്പാശേരിയില്‍ ഇനിമുതല്‍ ബാഗേജ് സ്വയം ചെക്ക്- ഇന്‍ ചെയ്യാം; സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇനി ജീവനക്കാരുടെ സഹായമില്ലാതെ തന്നെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക് -ഇന്‍ ബാഗുകള്‍ നേരിട്ട് കണ്‍വെയറുകളില്‍ ഇടാം. ആഭ്യന്തര ടെര്‍മിനലില്‍ (ടെര്‍മിനല്‍ വണ്‍) യാത്രക്കാര്‍ക്കായി സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം ആരംഭിച്ചു. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ ഈ സംവിധാനം വിനിയോഗിച്ചുതുടങ്ങി.
ടെര്‍മിനല്‍ ഗേറ്റുകള്‍ക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് (കസ്) കിയോസ്‌കുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ബാഗില്‍ ടാഗ് സ്റ്റിക്കര്‍ ഒട്ടിച്ചശേഷം യാത്രക്കാര്‍ക്ക് സ്വയം ബാഗ് ഡ്രോപ് സൗകര്യത്തിലേക്ക് പോകാം.
27 മുതല്‍ 30 വരെയുള്ള ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ സിയാല്‍ നാല് സെല്‍ഫ് -ബാഗ് ഡ്രോപ് സിസ്റ്റങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാന്‍ഡ്ലിങ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള മെഷീനുകള്‍ ക്യാനഡയില്‍നിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോള്‍ വിമാനത്താവളത്തിലെ അതേ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.