India
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരി അന്തരിച്ചു
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ദില്ലി മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കെഎം തിവാരി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. ഗാസിയാബാദിലെ വ്യാവസായിക മേഖലയിൽ പ്രവർത്തിച്ചിരുന്ന തിവാരി ട്രേഡ് യൂണിയനിൽ സജീവമായി പങ്കെടുത്തു കൊണ്ടാണ് തൊഴിലാളി പ്രസ്ഥാനത്തിന്റെ മുൻ നിരയിലേക്ക് വരുന്നത്.
വർഷങ്ങളോളം സിഐടിയു ജനറൽ കൗൺസിലിലും വർക്കിംഗ് കമ്മിറ്റിയിലും പ്രവർത്തിച്ചു. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ മൂന്ന് മാസത്തിലധികം ജയിലിൽ കിടന്ന അദ്ദേഹത്തിന് മൂന്ന് വർഷവും ഒമ്പത് മാസവും ഒളിവിൽ കഴിയേണ്ടിവന്നു.