ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് ഒഴിവാക്കി പഴയ സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമിലേയ്ക്ക് തിരികെയെത്തുമെന്ന് കോണ്‍ഗ്രസ്. റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷത്തോളം ചെറുപ്പക്കാര്‍ക്ക് നിയമനം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘അഗ്‌നിപഥ്’ പദ്ധതി സായുധ സേനയില്‍ സ്ഥിരമായി ജോലി തേടുന്ന യുവാക്കളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തെഴുതി. യുവാക്കള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. സായുധ സേനയിലെ പതിവ് റിക്രൂട്ട്‌മെന്റ് റദ്ദാക്കിയതിനാല്‍ രണ്ട് ലക്ഷത്തോളം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് സായുധ സേനയുടെ പരമോന്നത കമാന്‍ഡറായ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറഞ്ഞു.