ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി. പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനാതെയാണ് ഇക്കാര്യം അറിയിച്ചത്.
റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, പാര്‍ട്ടി തീരുമാനം. റായ്ബറേലിയില്‍ പ്രിയങ്കയും അമേഠിയില്‍ രാഹുല്‍ ഗന്ധിയും മത്സരിക്കണമെന്ന് യുപി കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പു സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമെടുക്കാനായില്ലെന്നാണ് സൂചനകള്‍. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ അമേഠിയില്‍ മത്സരിക്കുമെന്നാണ് നേരത്തെ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ രഹസ്യമൊന്നുമില്ലെന്നും ഉചിത സമയത്ത് പ്രഖ്യാപനമുണ്ടാവുമെന്നും സുപ്രിയ പറഞ്ഞു. തെരഞ്ഞെടുപ്പു സമിതി ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷനായിരിക്കും അന്തിമ തീരുമാനം എടുക്കുന്നതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.