Kerala

കേരളീയം പരിപാടിയുടെ പേരിൽ കോടികൾ ചിലവാക്കി സർക്കാർ; ഏഴ് കലാപരിപാടികൾക്ക് മാത്രമായി ചിലവായത് ഒരു കോടി 55 ലക്ഷം രൂപ

Posted on

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം ചിലവായത് ഒന്നര കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഏഴ് കലാപരിപാടികൾക്ക് മാത്രമായി ഒരു കോടി 55 ലക്ഷം രൂപ ചിലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിൻറെ വികസന നേട്ടങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനെന്ന പേരിലാണ് സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടന സമാപന സമ്മേളനങ്ങൾ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ ഏഴ് ദിവസവും കലാപരിപാടികളുണ്ടായിരുന്നു. ആദ്യ ദിനം ശോഭനയുടെ നൃത്തം, എട്ട് ലക്ഷം രൂപയാണ് ഇതിന് നൽകിയത്. രണ്ടാം ദിനം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ ഷോ, സർക്കാർ കണക്കിൽ നൽകിയത് 8,30,000 രൂപ. മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകൾ കോർത്തിണക്കി കാവ്യ 23 എന്ന പേരിൽ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്. അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സർക്കാർ നൽകിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോക്ക് 3,80,000.

സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്കാരിക വകുപ്പ് നൽകിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലെ ഒരു വേദിയിൽ നടന്ന ഏഴ് പരിപാടികളുടെ മാത്രം വിശദാംശങ്ങളാണിത്.

പരമാവധി തുക സ്പോൺസർമാരെ കണ്ടെത്തി സംഘടിപ്പിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. കേരളീയം തീർന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്പോൺസർമാരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. എതൊക്കെ സ്പോൺസർമാരെന്നോ എത്രതുകയെന്നോ എന്തിന് വേണ്ടി ചെലവഴിച്ചെന്നോ വിവരാവകാശ പ്രകാരം ഉള്ള ചോദ്യങ്ങളെല്ലാം ഇപ്പോഴും പല വകുപ്പുകൾ കയറി ഇറങ്ങുകയാണ്. കേരളീയത്തിൻറെ സമഗ്ര റിപ്പോർട്ട് രണ്ടാഴ്ചക്കകം എന്ന് പറഞ്ഞ സർക്കാർ പരിപാടി കഴിഞ്ഞ് രണ്ട് മാസമായിട്ടും പുറത്ത് വിട്ടിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version