Kerala

യുപിഎസ് കേരളത്തിലും നടപ്പിലാക്കുമോ; സര്‍ക്കാര്‍ തീരുമാനത്തില്‍ കണ്ണുംനട്ട് ജീവനക്കാര്‍

കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) പഠിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഇതിനായി രൂപീകരിച്ച ഉദ്യോഗസ്ഥതലസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പങ്കാളിത്തപെൻഷൻ (എൻപിഎസ്) പിൻവലിക്കുമെന്ന് കേരള സര്‍ക്കാര്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഎസ് സ്വീകരിച്ചാല്‍ സര്‍ക്കാര്‍ ബാധ്യത കൂടും.

കേന്ദ്രം യുപിഎസില്‍ അടയ്ക്കുന്നത് 18.5 ശതമാനമാണ്. എന്നാല്‍ എന്‍പിഎസില്‍ കേരളം അടയ്ക്കുന്നത് 10 ശതമാനം മാത്രവും. അതുകൊണ്ട് തന്നെയാണ് കേന്ദ്ര പെന്‍ഷന്‍ പദ്ധതി പഠിക്കണം എന്ന തീരുമാനത്തിലേക്ക് കേരളം നീങ്ങുന്നത്. കേന്ദ്രം അടയ്ക്കുന്ന രീതിയില്‍ കേരളം വിഹിതം നല്‍കിയില്ലെങ്കില്‍ പദ്ധതി പ്രകാരമുള്ള പെൻഷൻ ഉറപ്പാക്കാനാവില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് ജീവനക്കാര്‍ ഉറ്റുനോക്കുന്നത്. യുപിഎസ് നടപ്പിലായാല്‍ പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള പല ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് തിരികെ ലഭിക്കും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തീരുമാനം ജീവനക്കാരെ സംബന്ധിച്ച് നിര്‍ണായകമാകും.

കേന്ദ്ര ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിയാണ് യുപിഎസ്. നാഷനൽ പെൻഷൻ പദ്ധതിയിലുള്ള ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലേക്ക് മാറാം. 25 വർഷം സര്‍വീസുള്ള ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള പന്ത്രണ്ട് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി പദ്ധതി ഉറപ്പ് നൽകുന്നു. 10 വർഷം സർവീസുള്ളവര്‍ക്ക് 10000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പായി ലഭിക്കും. പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ വാങ്ങിയിരുന്ന പെൻഷൻ തുകയുടെ അറുപത് ശതമാനം കുടുംബത്തിന് ലഭിക്കും. ഇത്തരം ഗുണങ്ങള്‍ ഉള്ളതുകൊണ്ടാണ് യുപിഎസ് ആകര്‍ഷകമായി മാറുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top