തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ ഇരു സംഘടകൾക്കുമെതിരെ കേസെടുത്ത് പോലീസ്. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രണ്ടും കെ.എസ്.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. മാരകായുധങ്ങളുമായി കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിനാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. യുവജനോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കെ.എസ്.യു പ്രവർത്തകർക്കെതിരെയുള്ള കേസ്.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ തുടങ്ങിയവർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പ്രധാന വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഗവൺമെന്റ് ലോ കോളജിലെ ഒപ്പന ടീമിനൊപ്പം വന്ന കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.