Kerala
കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്
തിരുവനന്തപുരം: സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് ആദ്യമായി കേരളത്തിലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയിച്ച സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് സംവിധാനം ജൂണ്‍ മാസം നാലാം തീയതി മുതല്‍ കേരളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍ എസ്ആര്‍എംപിആര്‍ ഗ്ലോബല്‍ റെയില്‍വേസും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സി വേള്‍ഡ് ട്രാവല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് നടത്താനാണ് പദ്ധതി. തുടക്കം എന്ന നിലയില്‍ അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്ക് സര്‍വീസ് നടത്തും. ഒരേസമയം 600 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ ടു ടയര്‍ എസി, ത്രീ ടയര്‍ എസി, സ്ലീപ്പര്‍ ക്ലാസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 16,400 രൂപയാണ് ടു ടയര്‍ എസി നിരക്ക്. ത്രീ ടയര്‍ എസിയില്‍ യാത്ര ചെയ്യാന്‍ 15,150 രൂപ നല്‍കണം. സ്ലീപ്പറില്‍ 13,999 രൂപയാണ് നിരക്ക്. താമസം, ഭക്ഷണം, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെയാണ് ടൂര്‍ പാക്കേജ്.ട്രാവല്‍ ഇന്‍ഷുറന്‍സ് ആണ് മറ്റൊരു പ്രത്യേകത. ട്രെയിനില്‍ നിന്ന് ഇറങ്ങി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ബസില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.