Kerala
കേരളത്തിലെ സർക്കാർ എൽപി സ്കൂളുകളിൽ കുട്ടികൾ കുറയുന്നു; മികച്ച അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമിട്ട് മറ്റു മാർഗങ്ങൾ തേടി രക്ഷിതാക്കൾ
കോട്ടയം: കേരളത്തിലെ രക്ഷകർത്താക്കൾ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്നത് കുറയുന്നു. പത്തിൽ താഴെ മാത്രം വിദ്യാർഥികളുള്ള 34 സർക്കാർ എൽപി സ്കൂളുകൾ സംസ്ഥാനത്തുണ്ട് എന്നാണ് കണക്ക്. 91 എയ്ഡഡ് എൽപി സ്കൂളുകളിലും പത്തിൽ താഴെ മാത്രമാണ് വിദ്യാർത്ഥികൾ. 10-നും 15-നും ഇടയിൽ വിദ്യാർഥികളുള്ള 60 സർക്കാർ സ്‌കൂളുകളും 114 എയ്ഡഡ് വിദ്യാലയങ്ങളുമാണുള്ളത്. 15-നും 25-നും ഇടയിൽ വിദ്യാർഥികളുള്ള 255 സർക്കാർ വിദ്യാലയങ്ങളും 308 എയ്ഡഡ് വിദ്യാലയങ്ങളുമാണുള്ളത്. അതേസമയം, സർക്കാർ മേഖലയിലെ എൽപി സ്കൂളുകളോടുള്ള അകൽച്ച യുപി, ഹൈസ്കൂൾ തലത്തിലില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു. പത്തിൽ താഴെ വിദ്യാർഥികളുള്ള എട്ട് യു.പി സ്കൂളുകളും മൂന്ന് ഹൈസ്‌കൂളുകളും മാത്രമാണ് സംസ്ഥാനത്തുള്ളത്.
കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് സി.ബി.എസ്.ഇ വിദ്യാലയങ്ങളെ ആശ്രയിക്കുന്ന രക്ഷിതാക്കളുടെ എണ്ണം കൂടിയതോടെയാണ് എൽപി സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞ് തുടങ്ങിയത്. മികച്ച അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് രക്ഷിതാക്കൾ കുട്ടികളെ സിബിഎസ്ഇ സ്കൂളുകളിലേക്ക് വിടുന്നത്. സർക്കാർ എൽപി സ്കൂളിലെ നിലവാരമില്ലായ്മ തന്നെയാണ് പലയിടത്തും രക്ഷിതാക്കൾ മാറ്റി ചിന്തിക്കാൻ കാരണമാകുന്നത്.
പ്രാഥമികവിദ്യാഭ്യാസം സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നൽകി വലിയ ക്ലാസുകളിലെത്തുമ്പോൾ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റിച്ചേർക്കുന്ന പ്രവണതയും കേരളത്തിലുണ്ട്. മിക്കവരും ഇംഗ്‌ളീഷ് ഭാഷാപ്രാവീണ്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചാണ് കുട്ടികളെ സി.ബി.എസ്.ഇ., അല്ലെങ്കിൽ അൺഎയ്ഡഡ് സ്‌കൂളുകളിലേക്ക് ചേർക്കുന്നത്.