ന്യൂഡല്‍ഹി: പങ്കാളിയുടെ വിവാഹേതര ബന്ധം കുട്ടികളെ വിട്ടുനല്‍കാതിരിക്കാന്‍ കാരണമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ മോചന നടപടികളിലും കസ്റ്റഡി വിഷയങ്ങളിലും മറ്റ് പല ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം എടുക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ഇരുവരുടേയും വിവാഹേതര ബന്ധമോ നിയമപരമല്ലാത്ത ബന്ധങ്ങളോ ഒന്നും നിര്‍ണായ ഘടകമല്ലെന്ന് കോടതി പറഞ്ഞു.
ഭാര്യയ്ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉള്ളതിനാല്‍ മക്കളുടെ കസ്റ്റഡി മാറ്റി തരണമെന്നായിരുന്നു ഭര്‍ത്താവ് നല്‍കിയ ഹര്‍ജി. എന്നാല്‍ പിതാവ് ഉപേക്ഷിച്ച് പോയ പെണ്‍മക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി നന്നായി താന്‍ പരിപാലിക്കുന്നുണ്ടെന്ന് ഭാര്യയും വാദിച്ചു. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്ന് തെളിയിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അത്തരം തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണം നല്‍കാന്‍ യോഗ്യയല്ലെന്ന് നിര്‍വചിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അവര്‍ വിശ്വസ്തയായ നല്ല ഭാര്യയായിരിക്കില്ല. എന്നാല്‍ കുട്ടികളുടെ കസ്റ്റഡിയില്‍ ഈ വിഷങ്ങളൊന്നും പരിഗണിക്കണ്ടേതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.