Kerala

കേരളം ആരോഗ്യ പ്രതിസന്ധിയിലേക്ക്; അപൂര്‍വ്വ പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്നു; ആശങ്ക പങ്കുവച്ച് ആരോഗ്യവിദഗ്ദ്ധര്‍

Posted on

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പനി കൂടാതെ, ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, അമീബിക് മസ്തിഷ്‌ക ജ്വരം, എച്ച്1എന്‍1 എന്നിങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്ന പകര്‍ച്ചവ്യാധികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. വളരെ അപൂര്‍വ്വമായി മാത്രം റിപ്പോര്‍ട്ട് ചെയിതിരുന്ന പകര്‍ച്ചവ്യാധികള്‍ പോലും വ്യാപകമാവുുകയാണ്. ഇത് കേരളം ആരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് എന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.

ഇടത് സഹയാത്രികനും മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗവുമായ ഡോ. ബി ഇക്ബാല്‍ തന്നെ ഇത്തരമൊരു ആശങ്ക പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്. വലിയ രീതിയില്‍ രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണെന്നാണ് ഇക്ബാലിന്റെ വിലയിരുത്തല്‍. പകര്‍ച്ച-പകര്‍ച്ചേതര രോഗങ്ങള്‍ ഒരുപോലെ വര്‍ദ്ധിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്ന് പ്രവത്തിക്കേണ്ട സമയമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വിവിധതലങ്ങളിലായുള്ള സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതിന് നടപടിയുണ്ടാകണം. പലയിടങ്ങളിലും തുടച്ച് നീക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകര്‍ച്ചവ്യാധികളില്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നിറിയിപ്പും ഇക്ബാല്‍ നല്‍കുന്നു.

സംസ്ഥാനത്ത് മഴക്കാല പൂര്‍വശുചീകരണത്തില്‍ സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും ഈ വിമര്‍ശനം ഉന്നയിക്കുന്നതിന് ഇടയിലാണ് ഇടത് സഹയാത്രികനായി അറിയപ്പെടുന്ന ആരോഗ്യവിദഗ്ദ്ധന്‍ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. ഇത് സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയെ ബോധ്യപ്പെടുത്തുന്നതാണ്.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാറിന്റെ കണക്ക് പ്രകാരം പ്രതിദിനം പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. വെള്ളിയാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 12204പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. 173 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. 438 പേരാണ് ഡെങ്കിപ്പനി സംശയിച്ച്് ചികിത്സ തേടിയത്. എലിപ്പനി കേസുകള്‍ 22 എണ്ണവും റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മാസത്തിലെ ആദ്യ പന്ത്രണ്ട് ദിവസത്തിനകം 139091 പേരാണ് പനിക്ക് ചികിത്സ തേടിയത്. 1530 പേര്‍ക്ക് ഡങ്കിപ്പനിയും 146 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മലേറിയ 30, മഞ്ഞപ്പിത്തം 276, കോളറ 12, ടൈഫോയിഡ് 6, മുണ്ടിനീര് 1115, ചിക്കന്‍പോക്‌സ് 833, എച്ച്1എന്‍1 416, ചെള്ള്പനി 46, ഷിഗെല്ല 12, വെസ്റ്റ് നൈല്‍ 6 എന്നിങ്ങനെയാണ് പന്ത്രണ്ട് ദിവസത്തെ പകര്‍ച്ചവ്യാധി ബാധിച്ചവരുടെ കണക്ക്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കാണ്. സ്വകാര്യ ആശുപത്രിയിലെ കണക്ക് കൂടി പരിശോധിച്ചാല്‍ എത്രത്തോളം ഗുരുതരമാണ് നമ്മുടെ കേരളം എന്ന് മനസിലാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version