Kerala

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുൻപ് സംസ്ഥാന സർക്കാർ അനുവദിച്ചത് 1290 കോടി

Posted on

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുൻപ് സംസ്ഥാന സർക്കാർ അനുവദിച്ചത് 1290 കോടി രൂപ. സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടറും വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും റബർ ഇൻസെന്റീവ് സ്കീമിലേക്കുള്ള പണവും അടക്കമുള്ള തുകയാണ് ഒറ്റ ദിവസം കൊണ്ട് സർക്കാർ അനുവദിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പുതിയ ഉത്തരവുകൾ ഇറക്കാനാകില്ലെന്നതിനാലാണ് ഒറ്റ ദിവസം കൊണ്ട് ഇതുസംബന്ധിച്ച ഉത്തരവുകൾ ഇറക്കിയത്.

കരാറുകാരുടെ ബില്ലുകൾ മാറുന്നതിനും മറ്റു ഭരണച്ചെലവുകൾക്കുമായി ബുദ്ധിമുട്ടുന്നുണ്ടെങ്കിലും മുടങ്ങിക്കിടക്കുന്ന പരമാവധി ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പു കണക്കിലെടുത്തു കൊടുത്തുതീർക്കാനാണു സർക്കാർ ശ്രമിക്കുന്നത്. കടമെടുക്കുന്ന പണം കൊണ്ടാണ് ഇൗ ചെലവുകൾ നിറവേറ്റുക. ഇതിലൂടെ വോട്ടെടുപ്പിൽ വിവിധ വിഭാഗങ്ങളുടെ എതിർപ്പ് ഒഴിവാക്കാനാകുമെന്നു അധികൃതർ കരുതുന്നു.

പെൻഷൻ പരിഷ്കരണ കുടിശിക 2 വർഷം കൊണ്ട് 4 ഗഡുക്കളായി വിതരണം ചെയ്യുമെന്നായിരുന്നു ഒന്നാം പിണറായി സർ‌ക്കാരിന്റെ ഉറപ്പ്. എന്നാൽ 2 ഗഡു നൽകിയ ശേഷം നിർത്തി. ഇപ്പോൾ‌ 2 വർഷങ്ങൾക്കു ശേഷമാണു മൂന്നാം ഗഡു അനുവദിച്ചത്. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ അനുവദിച്ചു.

റബർ കർഷകർക്ക്‌ ഉൽപാദന ബോണസായി 24.48 കോടി അനുവദിച്ചു. ഇതോടെ റബർ ബോർഡ് അംഗീകരിച്ച പട്ടികയിലുള്ളവർക്ക് സബ്സിഡി ബാങ്ക്‌ അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബർ കർഷകർക്കാണ്‌ ആനുകൂല്യം ലഭിക്കുക. റബറിന്റെ താങ്ങുവില ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ അടുത്ത മാസം മുതൽ കിലോയ്ക്ക് 170 രൂപയിൽനിന്നു 180 രൂപയാക്കി വർധിപ്പിച്ച് ഉത്തരവിറക്കുകയും ചെയ്തു.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 ലെ ലീവ്‌ സറണ്ടർ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം അടുത്ത മാസം ഒന്നിനു പണമായി ലഭിക്കും. മറ്റുള്ളവരുടേത് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version