Kerala

കേരളം എലിപ്പനി ഭീതിയില്‍; ഈ വര്‍ഷം ഇതുവരെ മരണം 121; ആശങ്ക പടരുന്നു

Posted on

കേരളം എലിപ്പനി ഭീതിയില്‍. ആരോഗ്യരംഗത്ത് ആശങ്ക ഉയര്‍ത്തി എലിപ്പനി അതിവേഗം പടരുകയാണ്. കഴിഞ്ഞ വർഷം 39 മരണമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ മാസം മാത്രം ഇതുവരെ 24 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ വര്‍ഷം മരിച്ചത് 121 പേരും. മരണനിരക്ക് കുത്തനെ ഉയരുകയാണ്.

സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണമാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായത് 2000 ത്തോളം പേരും. എലിപ്പനി പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് മരണങ്ങളും രോഗബാധ ഏറ്റവരുടെ ഉയര്‍ന്ന കണക്കുകളും. ഇത്തവണ മഴക്കാലപൂർവ ശുചീകരണം കാര്യമായി നടന്നില്ല. പ്രതിരോധ മരുന്ന് വിതരണവും ഫലപ്രദമായില്ല. ഇതെല്ലാം എലിപ്പനി പടരാന്‍ ഇടവരുത്തി.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗമാണ് എലിപ്പനി. എലി മൂത്രത്തില്‍ കൂടിയാണ് ഇത് പകരുന്നത്. വളര്‍ത്തുമൃഗങ്ങളോട് അടുത്ത് ഇടപഴകുന്നവരും കര്‍ഷകരും ശ്രദ്ധിക്കേണ്ടതുണ്ട്. ബൂട്ടുകളും റബര്‍ കയ്യുറകളും കൃഷി സ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ ഉപയോഗിക്കണം എന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. മുറിവുകള്‍ പാദത്തില്‍ ഉണ്ടെങ്കില്‍ അഴുക്കുവെള്ളം തട്ടുമ്പോള്‍ രോഗാണുബാധ ഏല്‍ക്കാന്‍ സാധ്യത ഏറെയാണ്‌. തിളപ്പിക്കാത്ത വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നതും അപകടമുണ്ടാക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം.

രോഗാണു ശരീരത്തിനകത്ത് പ്രവേശിച്ചാല്‍ 5 മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. കടുത്ത പനിയും പേശീവേദനയും കാണും. പനിയുടെ കൂടെ കുളിരും വിറയലും ഉണ്ടാവാം. കണ്ണില്‍ ചുവപ്പുനിറം, തലവേദന, ഛർദ്ദി, വയറിളക്കം,ശരീരത്തില്‍ തിണര്‍പ്പ്, കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം എന്നിവയെല്ലാം എലിപ്പനിയുടെ അനുബന്ധ ലക്ഷണങ്ങളാണ്. ഇവയില്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version