ദില്ലിയിൽ ആം ആദ്മി പാർട്ടി ബിജെപി പോര് രൂക്ഷമായിരിക്കെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ദുരന്തമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേന്ദ്ര പദ്ധതികൾ ദില്ലി സർക്കാർ സ്തംഭിപ്പിക്കുകയാണെന്നും ബിജെപിയെ അധികാരത്തിലെത്തിയാൽ ദില്ലിയെ ലോകോത്തര തലസ്ഥാനമായി വികസിപ്പിക്കുമെന്നുമാണ് മോദിയുടെ വാഗ്ദാനം. ദില്ലിയിൽ തെരഞ്ഞെടുപ്പ് പ്രചരണറാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പ്രചാരണം ശക്തമാക്കുകയാണ് ആം ആദ്മി പാർട്ടിയും ബിജെപിയും. ദില്ലിയിൽ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചു കൊണ്ടാണ് ബിജെപിയുടെ പ്രചരണം. ദില്ലിയിലെ രോഹിണിയിൽ നടന്ന പ്രചരണ റാലിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി കെജരിവാളിനെ ലക്ഷ്യം വെച്ചു. കെജ്‌രിവാൾ ദുരന്തമെന്ന് ആവർത്തിച്ച മോദി കഴിഞ്ഞ 10 വർഷമായി ദില്ലി സർക്കാർ കേന്ദ്ര പദ്ധതികൾ സ്തംഭിപ്പിക്കുകയാണെന്ന് ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ ദില്ലിയെ ലോകോത്തര തലസ്ഥാനമായി വികസിപ്പിക്കുമെന്നും മോദി പറഞ്ഞു.